Zygo-Ad

ഓട്ടോ ടാക്‌സി ഫിറ്റ്‌നസ് പരിശോധനയിൽ ഇളവ് ക്ഷേമനിധി രസീത് നിർബന്ധമല്ല

 


സംസ്ഥാനത്തെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കുമ്പോൾ മോട്ടോർ തൊഴിലാളി ക്ഷേമനിധി അടച്ച രസീത് ഹാജരാക്കണമെന്ന നിർബന്ധം ഇനിമുതൽ ഉണ്ടാവില്ല. ക്ഷേമനിധി രസീത് ഹാജരാക്കിയില്ലെന്ന കാരണത്താൽ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ആർ രാജീവ് ഉത്തരവിട്ടു.

കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകളുടെ പട്ടികയിൽ ക്ഷേമനിധി രസീത് ഉൾപ്പെടുന്നില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മറ്റ് രേഖകളെല്ലാം കൃത്യമാണെങ്കിൽ ക്ഷേമനിധിയുടെ പേരിൽ മാത്രം ഫിറ്റ്നസ് തടയുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മുൻപ് ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ് ഫിറ്റ്നസിന് ക്ഷേമനിധി രസീത് നിർബന്ധമാക്കിയത്. വാഹനം നിരത്തിലിറക്കിയ കാലം മുതലുള്ള കുടിശ്ശിക തീർക്കണമെന്ന നിബന്ധന സാധാരണക്കാരായ തൊഴിലാളികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ പരാതികൾ പരിഗണിച്ചാണ് പുതിയ നടപടി.

ഫിറ്റ്നസ് പരിശോധനയ്ക്ക് ക്ഷേമനിധി രസീത് നിർബന്ധമല്ലെങ്കിലും തൊഴിലാളികൾ ക്ഷേമനിധി പദ്ധതിയിൽ തുടരുന്നത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് ഓർമ്മിപ്പിച്ചു. വിവാഹ സഹായം മരണാനന്തര സഹായം ചികിത്സാ സഹായം പെൻഷൻ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ക്ഷേമനിധി വഴി ലഭിക്കും. അതിനാൽ കുടിശ്ശിക ഭയന്ന് മാറിനിൽക്കാതെ ആനുകൂല്യങ്ങൾ മുൻനിർത്തി തൊഴിലാളികൾ അംഗത്വം നിലനിർത്തണമെന്നും അധികൃതർ നിർദേശിച്ചു.

 

വളരെ പുതിയ വളരെ പഴയ