Zygo-Ad

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു


 ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചു. ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും എന്നാൽ അതിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തിട്ടുള്ളതെന്നുമാണ് പുതിയ കണ്ടെത്തൽ. ജംഷദ്പൂരിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയുടെ റിപ്പോർട്ടാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും ശേഖരിച്ച എട്ട് സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭ്യമായിട്ടുള്ളത്. നാല് മാസം മുൻപാണ് ഈ സാമ്പിളുകൾ ശേഖരിച്ച് കാലപ്പഴക്കം ഉൾപ്പെടെയുള്ളവ നിർണ്ണയിക്കാനായി പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ചെമ്പ് പാളിക്ക് 28 വർഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വിഎസ്എസ്‌സിയിൽ (VSSC) സ്വർണപ്പാളികൾ പരിശോധിച്ചിരുന്നെങ്കിലും അതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും ശാസ്ത്രീയ പരിശോധന നടത്തിയത്.

പാളികൾ ഏതെങ്കിലും തരത്തിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ടോ എന്നും എത്രത്തോളം സ്വർണം ഈ പാളികളിൽ ഉണ്ടായിരുന്നു എന്നും കണ്ടെത്താനുള്ള ഈ ശാസ്ത്രീയ തെളിവുകൾ കോടതിയിൽ നിർണായകമാകും. നിലവിൽ ലഭിച്ച പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘം കൊല്ലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

 

വളരെ പുതിയ വളരെ പഴയ