തിരുവനന്തപുരം: മേയ് 16-ഓടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവർഷം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം നിലവില്‍ ശക്തിപ്രാപിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിരിക്കുന്നു.
മേയ് 13 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
