കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കുമെന്ന് സൂചന. വിഷയം ചർച്ച ചെയ്യുന്നതിനായി പത്ത് വർക്കിംഗ് പ്രസിഡന്റുമാരോടും മുൻ കെപിസിസി അധ്യക്ഷന്മാരോടും അടിയന്തരമായി ഡൽഹിയിലെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, വി എം സുധീരൻ തുടങ്ങി പ്രമുഖ നേതാക്കൾ ഇതിനോടകം ഡൽഹിയിൽ എത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാനാണ് കൂടുതൽ സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ ആർക്കാണോ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചാൽ അദ്ദേഹം ഇരിക്കൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയേക്കും. നിലവിലെ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് രാജിവെച്ച് വേണുഗോപാലിന് വഴിമാറിക്കൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വിഷയത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. പ്രഖ്യാപനം ഡൽഹിയിൽ വേണോ അതോ തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗത്തിൽ മതിയോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമാകും. ഉപമുഖ്യമന്ത്രി പദവി നിലവിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. തർക്കങ്ങൾ ഒഴിവാക്കാൻ മുതിർന്ന നേതാക്കൾക്ക് പ്രധാനപ്പെട്ട മന്ത്രിസഭാ വകുപ്പുകൾ നൽകി അനുനയിപ്പിക്കാനും നീക്കമുണ്ട്.
