നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകളും പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകളും നടക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിന് തന്നെ തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം നടന്ന പിബി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്റെ ശൈലിയും പാർട്ടി സെക്രട്ടറിയുടെ പ്രവർത്തനങ്ങളും തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി യോഗങ്ങളിൽ ആരെയും ഭയക്കാതെ തുറന്ന ചർച്ചകൾ നടത്താമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് പിണറായി വിജയൻ തന്നെ വരണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോഴും അദ്ദേഹം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പിണറായി വിജയൻ തയ്യാറായില്ലെങ്കിൽ മുൻ ധനമന്ത്രി കെ എൻ ബാലഗോപാലിനെ പരിഗണിച്ചേക്കും. സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ നാളെ മുതൽ രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവും ചേരും. വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ തോതിലുള്ള അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.
