കൊച്ചി വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആഹ്വാനം ചെയ്തു. പത്തൊൻപത് കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ചതാണ് ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
വില വർദ്ധനവോടെ കേരളത്തിൽ വാണിജ്യ സിലിണ്ടറിന്റെ വില മൂവായിരം രൂപ കടന്നു. തിരുവനന്തപുരത്ത് സിലിണ്ടറിന് 3106 രൂപയും കൊച്ചിയിൽ 3085 രൂപയും കോഴിക്കോട് 3117 രൂപയുമാണ് പുതിയ നിരക്ക്. ഈ വർദ്ധനവ് മൂലം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവയുടെയെല്ലാം പ്രവർത്തനച്ചെലവ് കുത്തനെ ഉയരും. കടുത്ത പ്രതിസന്ധിയിലായ ഹോട്ടലുകൾ ഇതോടെ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ നിർബന്ധിതരായേക്കും.
ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും ദിവസേന ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാകും. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല. മുൻകാലങ്ങളിൽ നൂറും നൂറ്റമ്പതും രൂപ വരെ കൂടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒറ്റയടിക്ക് വലിയ തുക വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് ഹോട്ടൽ വ്യവസായത്തെ തകർച്ചയിലേക്ക് എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക് നീങ്ങുന്നത്.
