രാജ്യത്ത് ഇന്ധനവിലയിൽ വൻ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപ മുതൽ അഞ്ച് രൂപ വരെ വർദ്ധിച്ചേക്കുമെന്നാണ് സൂചന. ഇതോടൊപ്പം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് അമ്പത് രൂപ വരെയും കൂടുമെന്ന് കരുതപ്പെടുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് വില വർദ്ധിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
നിലവിൽ എണ്ണ വിപണന കമ്പനികൾ നേരിടുന്ന കനത്ത സാമ്പത്തിക സമ്മർദ്ദം കണക്കിലെടുത്ത് വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 മുതൽ ഇന്ധനവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ വില വർദ്ധിപ്പിച്ചാൽ അത് നാല് വർഷത്തിനിടയിലെ വലിയ മാറ്റമായിരിക്കും. അതേസമയം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രം തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാരിന്റെ നിലവിലെ നിലപാട്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെയും പ്രീമിയം പെട്രോളിന്റെയും വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പതിനഞ്ച് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ തിരിച്ചടികൾ സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ വില പിടിച്ചു നിർത്താനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം ഉണ്ടാകാനാണ് സാധ്യത.
:
