Zygo-Ad

ഹരിപ്പാട് നവജാത ശിശുവിനെ ജനൽവഴി പുറത്തെറിഞ്ഞ സംഭവം: ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി, കുഞ്ഞിനെ വേണ്ടെന്ന് സിഡബ്ല്യുസിയെ അറിയിച്ചു


 ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ യുവതിയുടെ മൊഴി പുറത്ത്. താൻ ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും യുവതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നൽകി. പ്രസവിച്ച കുഞ്ഞിനെ തനിക്ക് വേണ്ടെന്നും യുവതി അധികൃതരെ അറിയിച്ചിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സിഡബ്ല്യുസി അധികൃതർ സന്ദർശിച്ചപ്പോഴാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട ഇതരസംസ്ഥാന യുവാവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും എന്നാൽ അടുത്ത കാലത്തായി ഈ ബന്ധം ഇല്ലെന്നും യുവതി പറഞ്ഞു. താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ അയാൾ അറിഞ്ഞിട്ടുണ്ടാകില്ല. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടിൽ നിൽക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. മൂന്ന് മാസമായി യുവതി വീട്ടിൽ തന്നെയാണ് താമസം.

യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റാൻ സിഡബ്ല്യുസി തീരുമാനിച്ചു. അവിടെ അറുപത് ദിവസം കുഞ്ഞിനെ പരിചരിക്കും. ഈ സമയപരിധിക്കുള്ളിൽ അമ്മയ്ക്ക് വേണമെങ്കിൽ കുഞ്ഞിനെ തിരികെ കൊണ്ടുപോകാം. അതിനുശേഷവും ആരും അവകാശവാദവുമായി എത്തിയില്ലെങ്കിൽ ശിശുക്ഷേമസമിതി കുഞ്ഞിനെ പൂർണമായി ഏറ്റെടുക്കും. അതിനുശേഷം അമ്മയ്ക്ക് കുഞ്ഞിൽ യാതൊരു അവകാശവും ഉണ്ടായിരിക്കില്ല. അതിനിടെ ആശുപത്രി ജീവനക്കാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു. ചൈൽഡ് ലൈൻ വഴി പോലീസിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വയറുവേദനയ്ക്ക് ചികിത്സ തേടി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനൽ വഴി പുറത്തേക്ക് എറിഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്. വീഴ്ചയിൽ പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിക്കെതിരെ പോലീസ് നിലവിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ