ന്യൂഡല്‍ഹി: എട്ട് കോടിയോളം വരുന്ന ഇപിഎഫ്‌ഒ വരിക്കാർക്ക് സന്തോഷ വാർത്ത, പിഎഫ് സംഖ്യ എടിഎം വഴിയും യുപിഐ വഴി പിൻവലിക്കാം. മെയ് അവസാനത്തോടെ ഈ സേവനം നിലവില്‍ വരുമെന്നാണ് പുറത്തു വരുന്ന വാർത്തകള്‍.
പിഎഫ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും ഡിജിറ്റലുമാക്കുന്നതിനായി കഴിഞ്ഞ വർഷമാണ് 'ഇപിഎഫ്‌ഒ 3.0' പദ്ധതിക്ക് തുടക്കമിട്ടത്. 2026 പകുതിയോടെ ഈ സംവിധാനം പൂർണ്ണമായി നടപ്പിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിഎഫ് ക്ലെയിമുകള്‍ വേഗത്തിലാക്കുക, ഫണ്ട് കൈമാറ്റം ലളിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പിഎഫ് അക്കൗണ്ടിലെ ആകെ ബാലൻസിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം അല്ലെങ്കില്‍ യുപിഐ വഴി പിൻവലിക്കാൻ സാധിക്കൂ. പരമാവധി എത്ര തുക പിൻവലിക്കാം എന്നതിനെക്കുറിച്ച് ഇപിഎഫ്‌ഒ ഉടൻ തന്നെ അന്തിമ മാർഗ നിർദ്ദേശം പുറപ്പെടുവിക്കും.
പിഎഫ് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ച പ്രത്യേക എടിഎം കാർഡുകള്‍ വരിക്കാർക്ക് നല്‍കും. ഏത് എടിഎമ്മില്‍ നിന്നും ഇത് ഉപയോഗിച്ച് പണം പിൻവലിക്കാം.
ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതു പോലെ യുപിഐ വഴി പിഎഫ് ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഓട്ടോ-ക്ലെയിം സെറ്റില്‍മെന്റ് സൗകര്യം വരുന്നതോടെ അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് വരിക്കാർ പാലിക്കേണ്ട നിബന്ധനകള്‍ .
1. വരിക്കാരന് ഒരു യുഎഎൻ നമ്പർ ഉണ്ടായിരിക്കണം.
2. യുഎഎൻ അക്കൗണ്ട് ആധാർ, പാൻ (PAN) എന്നിവയുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണം.
3. ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്‌എസ്‌സി (IFSC) കോഡും കൃത്യമായി നല്‍കിയിരിക്കണം.
നിലവില്‍ ഇപിഎഫ്‌ഒയുടെ കീഴിലുള്ള 7.98 കോടി അംഗങ്ങളില്‍ 7.74 കോടി പേരും ഇതിനോടകം കെവൈസി നടപടികള്‍ പൂർത്തിയാക്കിയവരാണ്. പിഎഫ് പണം പിൻവലിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി സാധാരണക്കാർക്ക് അതിവേഗത്തില്‍ പണം ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
