അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വൻ വർധന നടപ്പിലാക്കി. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. ഒറ്റയടിക്ക് ആയിരം രൂപയ്ക്കടുത്ത് വില കൂടുന്നത് ഇതാദ്യമായാണ്. വില വർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കും. ഭക്ഷണ സാധനങ്ങൾക്ക് വില കൂടാൻ ഇത് കാരണമായേക്കും. മുൻ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ വില വർധനവ്.
