Zygo-Ad

സാധാരണക്കാർക്ക് തിരിച്ചടി; രാജ്യതലസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു


 ന്യൂഡൽഹി: സാധാരണക്കാർക്ക് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് രാജ്യതലസ്ഥാനത്ത് സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഒടുവിലായി കൂട്ടിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎൻജി വില കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 രൂപയായി ഉയർന്നു.

ഡൽഹിക്ക് പുറമെ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ സിഎൻജി വില കിലോഗ്രാമിന് 82.20 രൂപയായും വർദ്ധിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ ദിവസവും സിഎൻജിക്ക് ഒരു രൂപ കൂട്ടിയിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മാത്രം രണ്ട് രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണ ശൃംഖലയിലെ കുറവുമാണ് വില കൂട്ടാൻ കാരണമായി ഇന്ധന കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെയായിരുന്നു രാജ്യത്തും ഇന്ധനവില വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ നിലവിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് ഈടാക്കുന്നത്. സിഎൻജി വില കൂടി തുടർച്ചയായി വർദ്ധിക്കുന്നത് പൊതുഗതാഗത ചെലവുകൾ ഉയരാൻ കാരണമായേക്കും.


വളരെ പുതിയ വളരെ പഴയ