കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചത്. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ മയക്കുവെടിവെച്ച് തളച്ചു.
കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടത്. തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെ ആന ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ രണ്ടാം പാപ്പാൻ കൊല്ലം സ്വദേശി പ്രദീപിന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരണ്ടോടിയ ആന പ്രദേശത്തുണ്ടായിരുന്ന കാർ, പിക്കപ്പ് വാൻ, സ്കൂട്ടറുകൾ എന്നിവ തകർത്തു. മണിക്കൂറുകളോളം നാട്ടുകാരെ മുനമുനയിൽ നിർത്തിയ ആനയെ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘവും എലിഫന്റ് സ്ക്വാഡും ചേർന്നാണ് നിയന്ത്രണത്തിലാക്കിയത്.
