മലപ്പുറം:സംസ്ഥാനത്ത് പരക്കെ മഴ. മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്.7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. റഹീസ് (20) ഫഹദ്(19) ബഹാസ് (18) സിയാദ് (18) എന്നിവരാണ് മരിച്ചത്.
2 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്.
4 പേര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിരുന്നു. രണ്ട് പേര്‍ മെഡിക്കല്‍ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
പുനലൂര്‍ നെല്ലിപ്പള്ളിയില്‍ സര്‍വീസ് സ്റ്റേഷന് സമീപം മണ്‍തിട്ട ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ അടുത്തുള്ള സര്‍വീസ് സ്റ്റേഷനിലാണ് സംഭവം.
പുനലൂര്‍ പിറവന്തൂല്‍ വന്‍മള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സര്‍വീസ് സ്റ്റേഷന്‍ തൊഴിലാളിയാണ്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് സര്‍വീസ് സ്റ്റേഷന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണത്.
കനത്ത മഴയും കാറ്റുമുണ്ടായപ്പോള്‍ സര്‍വീസ് സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ കാബിനില്‍ കയറി ഇരിക്കുകയായിരുന്നു ഷിജു. പിന്നാലെ മണ്‍തിട്ട ഇടിഞ്ഞ് ലോറിക്കും സര്‍വീസ് സ്റ്റേഷനും മുകളിലേക്ക് വീഴുകയായിരുന്നു.
പുനലൂര്‍ അഗ്‌നി രക്ഷാസേന ഒന്നരമണിക്കൂറിലേറെ ശ്രമിച്ചാണ് മണ്ണുനീക്കി ഷിജുവിനെ കണ്ടെത്തിയത്. ലോറിയുടെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് ഷിജുവിനെ പുറത്തെടുത്തത്. മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷനും പൂര്‍ണമായി തകര്‍ന്നു.
പാണ്ടിക്കാട് യുപി സ്കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു വീണു.
