Zygo-Ad

സംസ്ഥാനത്ത് വോട്ടർമാർ ജാഗ്രത: വ്യാഴാഴ്ച വരെ എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചതോടെ താപനിലയില്‍ അല്‍പ്പം ശമനം ഉണ്ടായിരുന്നു.

ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. 

ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കായുള്ള പ്രത്യേക ജാഗ്രത നിർദേശം:

സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനല്‍ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

 കൂടുതല്‍ സമയം ശരീരത്തില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ആയതിനാല്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

പ്രചാരണ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർ എപ്പോഴും കൈയ്യില്‍ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകള്‍ ധരിക്കുക.

വലിയ പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍, റോഡ്ഷോകള്‍, സ്ഥാനാർഥി പര്യടനങ്ങള്‍ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതം.

പകല്‍ സമയത്തെ പൊതുയോഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂർത്തിയാക്കാനും, ആവശ്യമായ തണല്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സംഘാടകർ ശ്രദ്ധിക്കണം.

വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതല്‍ സമയം നീണ്ടു പോകുകയും ചെയ്യുന്ന പൊതുയോഗങ്ങളില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലൻസും ഒരുക്കേണ്ടതാണ്.

പൊതുപരിപാടികളില്‍ തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകള്‍ സ്വീകരിക്കണം.

പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവർ, ചർമ്മ രോഗമുള്ളവർ, ഗർഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ചൂട് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ ഇവർക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

സ്ഥാനാർത്ഥികള്‍, മാധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലകളിലുള്ള പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂടുതല്‍ സമയം ചൂടില്‍ നില്‍ക്കേണ്ടി വരുന്നവർ നിർബന്ധമായും ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണം. കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

നിർജലീകരണത്തിനു കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയം പരമാവധി ഒഴിവാക്കുക.

ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

സാധ്യമായവർ സണ്‍ ഗ്ലാസുകളും സണ്‍സ്‌ക്രീനുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

പ്രവർത്തനങ്ങള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക.

അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

വേനല്‍മഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലുകളും അപകടകാരികളാണ്. ഇടിമിന്നലുള്ള സമയത്ത് പൊതുപരിപാടികള്‍ തുടരുകയോ മൈക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. തുറസായ സ്ഥലത്ത് നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് എത്രയും പെട്ടെന്ന് മാറുക.

തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളില്‍ മേല്‍ നിർദേശങ്ങള്‍ കർശനമായി പാലിക്കണം.

വളരെ പുതിയ വളരെ പഴയ