Zygo-Ad

കൈക്ക് പരിക്ക്: പെൺകുട്ടിക്ക് വോട്ട് നിഷേധിക്കാൻ ശ്രമം; തൃശൂരിൽ വൻ പ്രതിഷേധം, ഒടുവിൽ സി.ഇ.ഒയുടെ ഇടപെടലിൽ പരിഹാരം


 തൃശൂർ: കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് വോട്ട് നിഷേധിക്കാനുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ നീക്കം സംഘർഷാവസ്ഥയ്ക്കും പ്രതിഷേധത്തിനും കാരണമായി. കൂർക്കഞ്ചേരി സ്വദേശിയായ അക്ഷര എന്ന പെൺകുട്ടിക്കാണ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്.

മിക്സിയിൽ കുരുങ്ങി വലതു കൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റ അക്ഷര ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഈ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ വോട്ട് ചെയ്യാൻ കാത്തുനിന്നെങ്കിലും അധികൃതർ വഴങ്ങിയില്ല.

സംഭവമറിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ സ്ഥിതി സങ്കീർണ്ണമായി. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാമെന്ന വ്യക്തമായ നിയമം നിലനിൽക്കെ, ഉദ്യോഗസ്ഥർ ബോധപൂർവം തടസ്സവാദം ഉന്നയിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) നേരിട്ട് ഇടപെട്ടു. അക്ഷര നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി.ഇ.ഒ നിർദ്ദേശം നൽകി. ഇതോടെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. വൈകിട്ട് ആറ് മണിയോടെ അക്ഷര തന്റെ വോട്ട് രേഖപ്പെടുത്തി മടങ്ങി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ