സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. ഞായറാഴ്ച പീക്ക് സമയത്തെ ഉപയോഗം 5012 മെഗാവാട്ടായി. ശനിയാഴ്ച ഇത് 4826 മെഗാവാട്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച 5836 മെഗാവാട്ട് വരെ ഉയർന്ന ഉപയോഗത്തിൽ നിന്ന് കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ കുറവ് കാണിച്ചെങ്കിലും, പകൽ സമയങ്ങളിൽ 30 മുതൽ 50 മെഗാവാട്ട് വരെ വർധന തുടരുകയാണ്.
പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ആളുകൾ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് മാറിയതാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് രാത്രി 10.15 മുതൽ 10.30 വരെ ഉള്ള വെറും 15 മിനിറ്റിനിടെ ഏകദേശം 800 മെഗാവാട്ട് വരെ പെട്ടെന്ന് ഉയർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. പുലർച്ചെ രണ്ടിന് ശേഷമാണ് ഉപയോഗം 5000 മെഗാവാട്ടിന് താഴെയാകുന്നത്.
ഇതിനിടെ, രണ്ടു മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഏപ്രിൽ ബില്ലിൽ യൂണിറ്റിന് ഒരു പൈസ വീതം ഇളവ് ലഭിക്കും. ഈ തുക നേരിട്ട് ബില്ലിൽ കുറയ്ക്കും.
മാസം തോറും ബിൽ ലഭിക്കുന്നവർക്ക് സർചാർജ് ബാധകമല്ല. ഫെബ്രുവരിയിലെ വൈദ്യുതി വാങ്ങലിന്റെ അടിസ്ഥാനത്തിലാണ് സർചാർജ് നിശ്ചയിച്ചത്. കഴിഞ്ഞ മാസവും സമാനമായ ഇളവ് ദ്വൈമാസ ബില്ലിൽ നൽകിയിരുന്നു.
