കൊച്ചി: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അഴിമതിയും മതചിഹ്നങ്ങളും ഉപയോഗിച്ചെന്ന ആരോപണത്തിൽ സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും.
സിപിഐ നേതാവ് ബിനോയ് എ.എസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ സ്വാധീനിക്കാനായി മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചെന്നും, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. എന്നാൽ, തൃശൂർ പച്ചക്കറി മാർക്കറ്റിൽ കുടകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണം കോടതി ഹർജിയിൽ നിന്ന് നീക്കം ചെയ്തു. മറ്റ് ആരോപണങ്ങളിൽ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി.
