സമൂഹമാധ്യമങ്ങളിൽ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി പ്രത്യക്ഷപ്പെടുന്ന വ്യാജ ലോൺ ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. ഇത്തരം ആപ്പുകൾ ലളിതമായ രീതിയിൽ വായ്പ വാഗ്ദാനം ചെയ്ത് ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന രീതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ലോൺ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പൊലീസ് പങ്കുവെച്ചു. ഏതെങ്കിലും ആപ്പ് വഴി വായ്പ എടുക്കുന്നതിന് മുൻപ് അത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) രജിസ്റ്റർ ചെയ്ത ബാങ്കുകളുമായോ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായോ ബന്ധമുള്ളതാണോ എന്ന് ഉറപ്പുവരുത്തണം. ആപ്പിന് ഔദ്യോഗികമായ വെബ്സൈറ്റും കൃത്യമായ ഓഫീസും ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്റ്റുകൾ, ഗാലറിയിലെ ഫോട്ടോകൾ, ലൊക്കേഷൻ എന്നിവയിലേക്ക് ആക്സസ് ചോദിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഗതിയിൽ ഒരു ലോൺ ആപ്പിന് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിന്റെ ആവശ്യമില്ല. നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും കൈക്കലാക്കിയാണ് ഇത്തരം തട്ടിപ്പുകാർ പിന്നീട് ഭീഷണിപ്പെടുത്തുന്നത്. വായ്പ തുക അനുവദിക്കുന്നതിന് മുൻപായി പ്രോസസിംഗ് ഫീ എന്ന പേരിൽ പണം മുൻകൂർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ഉറപ്പായും തട്ടിപ്പായിരിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും മാത്രം വിശ്വസിക്കരുത്. വ്യാജമായി റിവ്യൂകൾ നിർമ്മിക്കാൻ സാധിക്കുമെന്നതിനാൽ വൺ സ്റ്റാർ റിവ്യൂകൾ പ്രത്യേകം വായിച്ചുനോക്കണം. എസ്എംഎസ്, വാട്സ്ആപ്പ് എന്നിവ വഴി വരുന്ന വെരിഫൈഡ് അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. അമിതമായ പലിശ നിരക്കും കുറഞ്ഞ തിരിച്ചടവ് കാലാവധിയും വ്യാജ ആപ്പുകളുടെ ലക്ഷണമാണ്. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
