Zygo-Ad

ഒന്നാം ക്ലാസ് പ്രവേശനം: പ്രായപരിധിയില്‍ മാറ്റമില്ല; അഞ്ചു വയസ്സ് ഈ വര്‍ഷവും തുടരും


തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ അധ്യയന വർഷവും അഞ്ചു വയസ്സായി തന്നെ തുടരും.

കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറു വയസ്സാക്കണമെന്ന നിർദ്ദേശം നിലനില്‍ക്കെയാണ്, കേരളം പഴയ മാനദണ്ഡം തന്നെ പിന്തുടരാൻ തീരുമാനിച്ചത്. ഇതോടെ ആറു വയസ്സ് തികയാത്തതിനാല്‍ ആശങ്കയിലായിരുന്ന ആയിരക്കണക്കിന് രക്ഷിതാക്കള്‍ക്കും വിദ്യാർത്ഥികള്‍ക്കും വലിയ ആശ്വാസമായി.

തീരുമാനത്തിന് പിന്നില്‍ കുട്ടികളുടെ കുറവ്

പ്രവേശന പ്രായം ആറാക്കി ഉയർത്തുന്നത് സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വൻ കുറവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ തീരുമാനം.

 കഴിഞ്ഞ വർഷങ്ങളില്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു:2023-ല്‍ മുൻ വർഷത്തേക്കാള്‍ 10,614 കുട്ടികളുടെ കുറവാണ് ഉണ്ടായത്.2025-ല്‍ കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞിരുന്നു.

പ്രായപരിധി കർശനമാക്കിയാല്‍ പ്രവേശനം നേടുന്നവരുടെ എണ്ണം ഇനിയും കുറയുമെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടപ്രകാരം (KER) പ്രായപരിധി അഞ്ചായി നിജപ്പെടുത്തിയത്.

കേന്ദ്ര നിർദ്ദേശം മറികടന്ന് കേരളം

2020-ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് തികയണമെന്നാണ് കേന്ദ്ര നിബന്ധന. 

ഇത് നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ചു ഈ വർഷം കൂടി ഇളവ് നല്‍കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.

പ്രവേശനം മേയ് രണ്ടു മുതല്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മേയ് രണ്ടു മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം ആരംഭിക്കും. 

പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പ്രധാന നിർദ്ദേശങ്ങള്‍ ഇവയാണ്:

 കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി യാതൊരുവിധ പ്രവേശന പരീക്ഷകളും നടത്താൻ പാടില്ല.

പ്രവേശന സമയത്ത് യാതൊരു വിധ ഫീസും ഈടാക്കരുത്. ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ കഴിയാത്തവർക്കും താല്‍ക്കാലിക പ്രവേശനം അനുവദിക്കേണ്ടതാണ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും.

നേരത്തെ ആറു വയസ്സ് തികയാത്ത കുട്ടികളെ വീണ്ടും യു.കെ.ജിയില്‍ ഇരുത്താൻ തയ്യാറെടുത്തിരുന്ന രക്ഷിതാക്കള്‍ക്ക് സർക്കാരിന്റെ പുതിയ ഉത്തരവ് വലിയ തണലായിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ