Zygo-Ad

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു; സമയക്രമം എസ്എംഎസ് വഴി അറിയിക്കും

 


തിരുവനന്തപുരം: കനത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനം. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തും 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാകും വൈദ്യുതി മുടങ്ങുക. വൈദ്യുതി തടസ്സപ്പെടുന്ന വിവരം ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വർധിക്കുന്നത്. ഈ സമയത്തെ ലോഡ് നിയന്ത്രിക്കാനായില്ലെങ്കിൽ വൈദ്യുതി വിതരണ ശൃംഖലയെ തന്നെ അത് ബാധിക്കുമെന്നതിനാലാണ് നിയന്ത്രണം അനിവാര്യമായിരിക്കുന്നത്. പ്രാദേശികമായ വൈദ്യുതി ഉപഭോഗത്തിന്റെ തോത് അനുസരിച്ചായിരിക്കും നിയന്ത്രണ സമയം നിശ്ചയിക്കുക.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്ത് വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ സ്റ്റൗ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും ഒഴിവാക്കണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണമെന്നും അത്യാവശ്യമല്ലാത്ത ലൈറ്റുകൾ ഓഫ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

 

വളരെ പുതിയ വളരെ പഴയ