തിരുവനന്തപുരം: ലഗേജില്‍ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയില്‍.
കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ് (34), ഇയാളുടെ ജൂനിയറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഹൈബ്രിഡ് കഞ്ചാവിന് ഒരു കിലോയ്ക്ക് ഒരു കോടി രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേ സമയം എയർപോർട്ടില്‍ നിന്ന് ഡീലുറപ്പിച്ചിറങ്ങിയ ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജില്‍ ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ തൂക്കമുളള ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്.
സിങ്കപ്പൂരില്‍ നിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയവരാണ് ഇരുവരും. ഇവിടെ നിന്നാണ് ഇരുവരും സുഹൃത്തുക്കളാവുന്നത്.
ഒരാഴ്ച മുൻപ് തായ്ലൻഡിലെത്തിയ ആനന്ദ്, അവിടെ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. വിമാനത്താവളത്തില്‍ വെച്ച് വുഹാൻ യൂണിവേഴ്സിറ്റിയില്‍ ജൂനിയറായി പഠിച്ചിരുന്ന സുഹൃത്ത് ലിബിൻ ദാസിനെ കണ്ടുമുട്ടി.
തുടർന്ന് ലിബിനോട് തന്റെ ബാഗില്‍ ഹൈബ്രിഡ് കഞ്ചാവുണ്ടെന്നും തനിക്ക് വേണ്ടി ഇത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം പുറത്തെത്തിക്കണമെന്നും ആവശ്യപ്പെട്ടു. തായ്ലൻഡില്‍ പോയി വരുന്നവരുടെ ബാഗുകള്‍ കസ്റ്റംസ് കർശന പരിശോധന നടത്തുന്നുണ്ട്.
അതിനാല്‍ സഹായിക്കണമെന്നും ലിബിനോട് ആനന്ദ് ജയപ്രകാശ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വ്യാഴാഴ്ച രാത്രിയോടെ സ്‌കൂട്ട് എയർലൈൻസിന്റെ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തി.
പിന്നാലെ ലിബിന്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്ത് കടന്നു. അതേ സമയം ആനന്ദിന്റെ ബാഗ് കൈവശം വെച്ച ലിബിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചു. തുടർന്നാണ് ബാഗില്‍ കഞ്ചാവുളളതായി കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് കടന്നു കളഞ്ഞ ആനന്ദിനെ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടി. ഇയാളുടെയും അറസ്റ്റ് രേഖപ്പെടുത്തി.
