കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില നിലവിൽ വന്നു.
പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ മാറ്റം വരുത്താത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ പ്രമുഖരായ നയാരയുടെ ഈ നീക്കം. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവും മുൻനിർത്തിയാണ് ഈ വർദ്ധനവെന്നാണ് സൂചന. സാധാരണക്കാരായ വാഹന ഉടമകളെയും ചരക്ക് ഗതാഗത മേഖലയെയും ഈ വിലവർദ്ധനവ് കാര്യമായി ബാധിക്കും. നയാരയുടെ ഇന്ധന സ്റ്റേഷനുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് ഈ മാറ്റം വലിയ സാമ്പത്തിക ബാധ്യതയാകും സൃഷ്ടിക്കുക. മറ്റ് എണ്ണ കമ്പനികളും എണ്ണ വില വർദ്ധിപ്പിക്കുമോ എന്ന് ആശങ്കയിലാണ് ഉപഭോക്താക്കൾ
