തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ മേഖലയിലെ ഗ്യാസ് സിലിണ്ടർ പ്രതിസന്ധിക്ക് പരിഹാരമായി സിലിണ്ടർ വിഹിതം വർദ്ധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹോട്ടൽ മേഖലയ്ക്കുള്ള പ്രതിദിന വിഹിതം 66 ശതമാനമായി ഉയർത്തിയാണ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഹോട്ടൽ മേഖലയ്ക്ക് മാത്രമായി ദിവസം 13,433 സിലിണ്ടറുകൾ ലഭ്യമാകും.
നിലവിൽ സംസ്ഥാനത്തിന് പ്രതിദിനം ലഭിക്കുന്ന 26,160 സിലിണ്ടറുകളിൽ നിന്നാണ് ഈ വിഹിതം അനുവദിക്കുന്നത്. ആശുപത്രികൾ, സ്കൂളുകൾ, ശ്മശാനങ്ങൾ, ഐടി സ്ഥാപനങ്ങൾ, സമൂഹ അടുക്കളകൾ, സുഭിക്ഷ ഹോട്ടലുകൾ, വയോജന കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് വിതരണത്തിൽ മുൻഗണന നൽകിയിരിക്കുന്നത്.
വിഹിതം തിരിച്ചുള്ള കണക്കുകൾ:
* അർധ അവശ്യസേവന വിഭാഗം (62%): ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മരുന്ന് നിർമാണ കമ്പനികൾ, കാറ്ററിംഗ് യൂണിറ്റുകൾ, ഫിഷറീസ്, ഭക്ഷ്യസംസ്കരണ മേഖലകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
* വ്യവസായിക വിഭാഗം (62%): സ്റ്റീൽ, ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈൽസ്, പ്ലാസ്റ്റിക് കമ്പനികൾ എന്നിവർക്കായി ഈ വിഹിതം മാറ്റിവെച്ചു.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ സിലിണ്ടറുകൾ ലഭിക്കുന്നത് എറണാകുളം ജില്ലയിലാണ് (19.39%). ഏറ്റവും കുറവ് കാസർകോട് ജില്ലയിലുമാണ് (1.17%).
പരാതികൾ അറിയിക്കാൻ വാർ റൂം
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പ്രതിദിനം 5000-ത്തോളം സിലിണ്ടറുകൾ അധികമായി അനുവദിച്ചതോടെ മേഖലയിലെ പ്രതിസന്ധിക്ക് വലിയൊരളവ് ആശ്വാസമാകുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത ക്വാട്ട കൃത്യമായി വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾക്കും ഗ്യാസ് ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
സിലിണ്ടർ വിതരണവുമായി ബന്ധപ്പെട്ട് പരാതികളുള്ളവർക്ക് സെക്രട്ടേറിയറ്റിലെ വാർ റൂമിലോ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾക്കോ പരാതി നൽകാം. പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
വാർ റൂം ടോൾ ഫ്രീ നമ്പർ: 1800 425 0290
