കൊച്ചി :കൊച്ചി കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് ഞായറാഴ്ച രാത്രി 8.30-ഓടെ ആക്രമണമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ കളമശേരിയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സെന്റ് ജോസഫ് പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം.
തൊപ്പി ധരിച്ചെത്തിയ അക്രമി യുവതിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് റോഡിലെ തൂണിലിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ച ശേഷമാണ് ഒരു പവനിലധികം വരുന്ന മാലയും കമ്മലും മൊബൈൽ ഫോണും കവർന്നത്. ആക്രമണത്തിൽ യുവതിയുടെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
യുവതിയുടെ സുഹൃത്തുക്കളെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അക്രമിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.
