തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കും മറ്റ് പ്രചാരണ സാമഗ്രികൾക്കുമായി നിശ്ചയിച്ചിട്ടുള്ള റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കൃത്യമായി കണക്കാക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന വിവിധ തരം വാഹനങ്ങൾ, ഉച്ചഭാഷിണികൾ, പന്തലുകൾ, ഫർണിച്ചറുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്ക്കെല്ലാം പ്രത്യേകം നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അമിത ചെലവ് നിയന്ത്രിക്കുന്നതിനും ഈ റേറ്റ് ചാർട്ട് സഹായകമാകും. സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്കുകൾ ഈ ചാർട്ടിലെ നിരക്കുകൾക്ക് അനുസൃതമാണോ എന്ന് തിരഞ്ഞെടുപ്പ് വിഭാഗം പരിശോധിക്കും.
