ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ ആദായനികുതി നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇടപാടുകൾ ലഘൂകരിക്കുന്നതിനും വലിയ നിക്ഷേപങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി പാൻ (PAN) കാർഡ് നിർബന്ധമാക്കിയ പല പരിധികളും കേന്ദ്ര ധനമന്ത്രാലയം ഉയർത്തിയിട്ടുണ്ട്. പരിഷ്കരിച്ച ആദായനികുതി വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.
* വസ്തു ഇടപാടുകൾ: പാൻ കാർഡ് നിർബന്ധമായ പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായി ഉയർത്തി. ഇനി മുതൽ 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമേ പാൻ ആവശ്യമുള്ളൂ.
* വാഹനങ്ങൾ: 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നൽകിയാൽ മതിയാകും. ഇരുചക്ര വാഹനങ്ങൾക്കും ഈ പരിധി ബാധകമാണ്. മുൻപ് ഇരുചക്ര വാഹനങ്ങൾ ഒഴികെ എല്ലാത്തിനും പാൻ നിർബന്ധമായിരുന്നു.
* വിദ്യാഭ്യാസ അലവൻസ്: കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നികുതിയിളവ് പരിധി പ്രതിമാസം 100 രൂപയിൽ നിന്നും 3,000 രൂപയായി വർധിപ്പിച്ചു (പരമാവധി രണ്ട് കുട്ടികൾക്ക്).
* ബാങ്ക് നിക്ഷേപങ്ങൾ: പ്രതിദിനം 50,000 രൂപ എന്ന പരിധിക്ക് പകരം, ഒരു സാമ്പത്തിക വർഷം മൊത്തം 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ മാത്രം പാൻ നൽകിയാൽ മതി.
* വാടകയിളവ് (HRA): 50% നികുതിയിളവ് ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവ കൂടി ഉൾപ്പെട്ടു. പ്രതിവർഷം ഒരു ലക്ഷത്തിന് മേൽ വാടക നൽകുന്നവർ ഉടമയുടെ പാൻ നിർബന്ധമായും നൽകണം.
* മറ്റ് സേവനങ്ങൾ: ഹോട്ടൽ ബില്ലുകൾ, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് പാൻ നൽകേണ്ട പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി. ഇൻഷുറൻസ് പ്രീമിയം 50,000 രൂപ കടന്നാൽ പാൻ നൽകണമെന്ന വ്യവസ്ഥ തുടരും.
