തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ഉപഭോക്താക്കളുടെ പരിഭ്രാന്തിയും മുതലെടുത്താണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ:
ആദ്യം ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടർന്ന് വാട്സാപ്പ് വഴി ബന്ധപ്പെടുന്ന ഇവർ 'GAS BILL UPDATE APK' എന്ന പേരിലുള്ള ഒരു ലിങ്കോ ഫയലോ അയച്ചുനൽകും. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ പുതുക്കാനോ, നിലവിലുള്ള കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടും.
എന്നാൽ, ഈ APK ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, പാസ്‌വേഡുകൾ, ഒടിപി (OTP) എന്നിവ ചോർത്താൻ ഈ മാൽവെയർ സോഫ്റ്റ്‌വെയറിലൂടെ അവർക്ക് സാധിക്കും. നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇത് കാരണമാകും.
പൊതുജനങ്ങൾ ശ്രദ്ധിക്കാൻ:
* അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളോ ഫയലുകളോ ഡൗൺലോഡ് ചെയ്യരുത്.
* ഗ്യാസ് ഏജൻസികൾ ഒരിക്കലും വാട്സാപ്പ് വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടില്ല.
* ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ ഏജൻസികളിൽ നേരിട്ടോ മാത്രം വിവരങ്ങൾ പുതുക്കുക.
* തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരം അറിയിക്കുക.
