പത്തനംതിട്ട: തിരുവല്ല സ്പാ കേന്ദ്രത്തിലെ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്നാം പ്രതി കൂടി അറസ്റ്റില്‍.
നിരണം സ്വദേശിയായ വരുണാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. വരുണിന്റെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കേസില്‍ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഒളിവിലുള്ളവർക്കായി അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
അതേ സമയം കേസ് ഗൂഢാലോചനയെന്നാണ് സൂചന. സഹജീവനക്കാരിയുടെ ക്വട്ടേഷൻ ബന്ധം അന്വേഷണ സംഘം പരിശോധിക്കും.
ബിസിനസ് വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കാൻ സ്പാ ഉടമകളുടെ മൊഴികളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി വിശകലനം ചെയ്ത് വരികയാണ്.
സംഭവത്തിന് പിന്നില്‍ കൃത്യമായ പ്ലാനിങ് നടന്നതായാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. സ്ഥാപനത്തിലെ സഹജീവനക്കാരിക്ക് ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അവരാണ് അക്രമി സംഘത്തെ സ്പായിലേക്ക് എത്തിച്ചതെന്നും അതിജീവിത പോലീസിന് മൊഴി നല്‍കി.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയനിഴലിലുള്ള സഹജീവനക്കാരിയുടെ ഫോണ്‍ രേഖകളും മുൻകാല ബന്ധങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ബിസിനസ് വൈരാഗ്യമോ മറ്റ് ഗൂഢാലോചനകളോ കേസിന് പിന്നിലുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതികളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ബാക്കിയുള്ളവർ കേരളം വിട്ടതായാണ് പൊലീസിന്‍റെ നിഗമനം.
ഒളിവിലുള്ളവർക്കായി ഉടൻ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ തിരുവല്ല ഡിവൈഎസ്പിയുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
