Zygo-Ad

പൊള്ളുന്ന ചൂട് തന്നെ, താപനിലയില്‍ വര്‍ദ്ധന: ഇന്നത്തെ കാലാവസ്ഥ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ വിദഗ്ധർ. അഞ്ച് ദിവസത്തേക്ക് ഒരു ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല.

രാത്രി, പുലർച്ചെ തണുപ്പും പകല്‍ പൊള്ളുന്ന ചൂടുമാണ് നിലവിലെ സ്ഥിതി. താപനിലയിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നനിലയില്‍ അനുഭവപ്പെട്ടിരുന്നു.

മുമ്പ് വേനല്‍ക്കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പല ജില്ലകളിലും ശരാശരിയെക്കാള്‍ 4 ഡിഗ്രി വരെ അധികം ചൂട് രേഖപ്പെടുത്തി. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് ഈമാസം 2ന് കണ്ണൂർ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസ്.

വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂട് കഠിനമാകാൻ കാരണം. ഉയർന്ന ഈർപ്പം ചൂട് യഥാർഥ താപനിലയെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരിക്കാൻ കാരണമാകുന്നു. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

സമുദ്ര ജലത്തിലെ താപനില ഉയർത്തുന്ന 'എല്‍ നിനോ' പ്രതിഭാസമാണ് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയ്ക്ക് കാരണം. കടല്‍ക്കാറ്റിന്റെ ശക്തി കുറഞ്ഞത് തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം....

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

മദ്യം, കാപ്പി, ചായ, അമിതമായി മധുരമുള്ള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുത്തും.

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.

കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വിയർപ്പിനെ ആഗിരണം ചെയ്യും.

കറുപ്പ് പോലെയുള്ള ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കി ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.

ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ചർമ്മത്തില്‍ സണ്‍സ്ക്രീൻ പുരട്ടുന്നതും നല്ലതാണ്.

വളരെ പുതിയ വളരെ പഴയ