Zygo-Ad

പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം


 തിരുവനന്തപുരം: വിശ്വാസികൾ കാത്തിരുന്ന പുണ്യത്തിന്റെ നാളുകൾക്ക് തുടക്കമായി. മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ശഅബാൻ 30 പൂർത്തിയാക്കി കേരളത്തിൽ നാളെ (വ്യാഴാഴ്ച) റംസാൻ വ്രതാരംഭം കുറിക്കും. ഇന്നലെ വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ദൃശ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച റംസാൻ ഒന്നായി ഖാസിമാർ പ്രഖ്യാപിച്ചത്.

നാളെ വ്രതാരംഭം കുറിക്കുന്നതോടെ പള്ളികളിലും വീടുകളിലും പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷമാകും. ഇന്ന് രാത്രി മുതൽ പള്ളികളിൽ തറാവീഹ് ഉൾപ്പെടെയുള്ള പ്രത്യേക നമസ്കാരങ്ങൾക്കും പ്രാർത്ഥനകൾക്കും തുടക്കമാകും. ഇതോടെ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതശുദ്ധിയുടെയും ആത്മീയ ചിന്തകളുടെയും നാളുകളിലേക്ക് വിശ്വാസികൾ പ്രവേശിക്കും.

ഗൾഫിൽ ഇന്ന് വ്രതാരംഭം; ഒമാനിൽ നാളെ

അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം കുറിച്ചു. സൗദിയിൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും ഇന്ന് വ്രതം ആരംഭിച്ചു. എന്നാൽ ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിന് സമാനമായി നാളെയാണ് വ്രതാരംഭം.

ഗൾഫ് നാടുകളിൽ വിപുലമായ ജീവകാരുണ്യ പദ്ധതികൾ

റംസാൻ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ വൻതോതിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും ഇതിനോടകം തന്നെ കോടിക്കണക്കിന് രൂപയുടെ സഹായ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്ന പതിവ് പ്രഖ്യാപനങ്ങളും വരും ദിവസങ്ങളിൽ ഉണ്ടാകും. റംസാൻ മാസത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് 



വളരെ പുതിയ വളരെ പഴയ