കാസർകോട്: എലിയെ കൊല്ലാൻ വിഷം വെക്കുന്നതിനിടെ സംഭവിച്ച അബദ്ധം വീട്ടമ്മയുടെ ജീവനെടുത്തു. പനത്തടി കോളിച്ചാൽ മൊട്ടം കൊച്ചിയിലെ ഒണിയാത്ത് ഹൗസിൽ ബി.പി. ശോഭന (53) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ ജനുവരി 28ന് രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. വീട്ടിൽ എലിയെ കൊല്ലാനായി വിഷം വെക്കുകയായിരുന്നു ശോഭന. ഇതിനിടെ അല്പം വിഷം സമീപത്തിരുന്ന ഗ്ലാസിനുള്ളിലേക്ക് അബദ്ധത്തിൽ തെറിച്ചുവീണു. ഇതറിയാതെ ശോഭന ഇതേ ഗ്ലാസിൽ വെള്ളമൊഴിച്ചു കുടിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
തുടർന്ന് കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് വിഷം ഉള്ളിൽച്ചെന്ന വിവരം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാജപുരം പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
പരേതനായ ഗംഗാധരനാണ് ശോഭനയുടെ ഭർത്താവ്. മക്കൾ: സനീഷ്, സുചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.
