Zygo-Ad

അവധിദിന ക്ലാസുകൾക്ക് വിലക്ക്; അധ്യാപകർ കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങരുത്: കർശന നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, ഭരണഘടനാ മൂല്യങ്ങൾ, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രധാന നിർദ്ദേശങ്ങൾ ഒറ്റനോട്ടത്തിൽ:

 * അവധിദിന ക്ലാസുകൾ വേണ്ട: ഇനി മുതൽ അവധി ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ പാടില്ല.

 * സമ്മാനങ്ങൾക്ക് വിലക്ക്: അധ്യാപകരുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികളിൽ നിന്നും ഗിഫ്റ്റുകൾ വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം.

 * ഭരണഘടനാ പഠനം: പാഠപുസ്തകത്തിലുള്ള ഭരണഘടനയുടെ ആമുഖം സ്പെഷ്യൽ അസംബ്ലിയിൽ നിർബന്ധമായും ചൊല്ലണം.

 * ബാക്ക് ബെഞ്ചർമാർ വേണ്ട: ക്ലാസ് മുറികളിൽ 'ബാക്ക് ബെഞ്ചർമാർ' എന്ന വിവേചനം ഒഴിവാക്കി എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കണം.

 * ആധുനിക അടിസ്ഥാന സൗകര്യം: പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉറപ്പാക്കുന്ന രീതിയിലുള്ള മാനദണ്ഡങ്ങൾ പിന്തുടരണം.

പുതിയ ഇൻഷുറൻസ് പദ്ധതിയും സോഷ്യൽ മീഡിയ ചർച്ചയും

ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഈ അധ്യയന വർഷം തന്നെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. പദ്ധതിക്ക് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്; തിരഞ്ഞെടുക്കുന്ന പേരിന് ആകർഷകമായ സമ്മാനവും നൽകും.

കൂടാതെ, വിദ്യാർത്ഥികളിലെ സോഷ്യൽ മീഡിയ അഡിക്ഷനെതിരെ വിവേകപൂർണ്ണമായ നടപടികൾ സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന വിഷയത്തിൽ പൊതുചർച്ച സംഘടിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു. കലോത്സവ വിധിനിർണ്ണയത്തിൽ സുതാര്യത വരുത്തുന്നതിനായി മറ്റ് സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെ ജഡ്ജസായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.



വളരെ പുതിയ വളരെ പഴയ