Zygo-Ad

ദേശീയ പണിമുടക്ക് ആരംഭിച്ചു; പരീക്ഷകള്‍ മാറ്റി, സ്വകാര്യ വാഹനങ്ങളിറങ്ങിയാൽ സഹകരണം ആവശ്യപ്പെടും: സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചു


സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. 

കേന്ദ്ര സർക്കാർ കൊണ്ടു വന്ന ലേബർ കോഡുകള്‍ പിൻവലിക്കുക, കർഷക വിരുദ്ധ നിയമങ്ങള്‍ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

സംയുക്ത കിസാൻ മോർച്ചയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, പണിമുടക്കിന് സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.

പണിമുടക്കിനോട് എല്ലാ വിഭാഗം തൊഴിലാളികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഐടിയു കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ മനോഹരൻ പറഞ്ഞു. ബലം പ്രയോഗിച്ചു ആരെയും തടയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടും. 

പണിമുടക്കിനോട് സഹകരിക്കണമെന്ന് വ്യാപാരികളോടും അഭ്യർഥിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമ്പൂർണമായ പണിമുടക്കായി മാറും എന്നാണ് പ്രതീക്ഷയെന്നും മനോഹരൻ പറഞ്ഞു.

കേരള സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എംഎഫ്‌എ (പെയിന്റിങ് & സ്കള്‍പ്ച്ചർ) 1, 3 സെമസ്റ്ററുകളുടെ പരീക്ഷകള്‍ യഥാക്രമം 18, 19 തീയതികളില്‍ നടത്തും. അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎസ്‍സി ഇലക്‌ട്രോണിക്സിന്റെ ഇന്ന് നടത്താനിരുന്ന പ്രാക്ടിക്കല്‍ 18ന് ന‌ടത്തും.

 കരിയർ റിലേറ്റ‍ഡ് ബിസിഎ (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2019 അഡ്മിഷൻ), 2025 ഡിസംബർ പരീക്ഷയുടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ 16ന് നടത്തും

എംജി സർവകലാശാല വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് നടക്കാനിരുന്ന പിഎസ്‌സി ഓണ്‍ലൈൻ പരീക്ഷകളും മാറ്റിയിട്ടുണ്ട്. 

പിഎസ്‌സി കോഴിക്കോട് ഓണ്‍ലൈൻ പരീക്ഷാ കേന്ദ്രത്തില്‍ ഇന്ന് നടത്താനിരുന്ന ഇൻഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാർട്മെൻ്റ് ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് (കാറ്റഗറി നമ്പർ: 580/2024) തസ്തികയുടെ ഓണ്‍ലൈൻ പരീക്ഷ പൊതുപണിമുടക്ക് നടക്കുന്നതിനാല്‍ ഫെബ്രുവരി 21ലേക്ക് മാറ്റി. 

പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. നിലവില്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി അന്നേ ദിവസം എത്തണം എന്നാണ് നിർദേശം.

വളരെ പുതിയ വളരെ പഴയ