Zygo-Ad

കുട്ടികളെ മർദ്ദിച്ചു, പണം തട്ടി, ലഹരി നൽകാൻ നിർബന്ധിച്ചു: മാനന്തവാടിയിൽ രണ്ട് യുവാക്കൾ പിടിയിൽ

 


മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കൊണിയൻമുക്ക് സ്വദേശി അജിത്ത് കുമാർ (22 - ഡിങ്കൻ), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഫെബ്രുവരി രണ്ടിന് രാവിലെ എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നാലംഗ സംഘം കുട്ടികളെ തടഞ്ഞുനിർത്തി ബിയർ കുപ്പി കൊണ്ടും വടി കൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ സംഘം ബലമായി തട്ടിപ്പറിച്ചു. തുടർന്ന് കൂടുതൽ പണം ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്.

മർദ്ദനത്തിന് പുറമെ, കുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി കുട്ടികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പിടിയിലായ അജിത്തിനെയും വിഷ്ണുവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



വളരെ പുതിയ വളരെ പഴയ