Zygo-Ad

തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ സിപിഎം മുൻ എംഎല്‍എ കുഞ്ഞു മുഹമ്മദ് ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നു പിടിച്ചതിൽ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്


തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസില്‍ സംവിധായകനും സിപിഎം മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞു മുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച്‌ പോലീസ്.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മുന്നോടിയായി നടന്ന ഡോക്യുമെന്ററി സ്ക്രീനിങ്ങിനെത്തിയ സിനിമാ പ്രവർത്തകയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ കുഞ്ഞു മുഹമ്മദ് കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. 

അഞ്ചു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് കുഞ്ഞു മുഹമ്മദിനെതിരെ കൻറോണ്‍മെൻറ് പോലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെൻററി സംവിധായികയായ ചലച്ചിത്ര പ്രവർത്തകയാണ് പരാതിക്കാരി.

അതേ സമയം‌ തനിക്കെതിരായ പരാതി വ്യാജമാണെന്ന് കുഞ്ഞു മുഹമ്മദ് നേരത്തെ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ച്‌ കോടതിയില്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെൻററി സ്ക്രീനിങ്ങിനെത്തിയതായിരുന്നു സംവിധായിക. ഇതിനിടെ ഹോട്ടലില്‍ വച്ചായിരുന്നു അതിക്രമം.

രഹസ്യ മൊഴിയിലും സംവിധായിക ഈ പരാതി ആവർത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയം പി.ടി. കുഞ്ഞു മുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ