ബാങ്കിംഗ് ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈൻ ട്രിക്കുകളും ഓപ്‌ഷനുകളും നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും, വ്യക്തമായ സമ്മതമില്ലാതെയും സേവനങ്ങളിൽ പങ്കാളികളാക്കുന്നത് തടയലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഒളിഞ്ഞിരിക്കുന്ന ഫീസുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ, ഉപഭോക്താവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നത് (bundling) എന്നിവ 2026 ജൂലൈയോടെ ബാങ്കുകൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്.
ഏതെങ്കിലും സാമ്പത്തിക ഉൽപ്പന്നമോ സേവനമോ നൽകുന്നതിന് മുമ്പ് ബാങ്കുകൾ ഉപഭോക്താവിന്റെ നേരിട്ടുള്ള സമ്മതം വാങ്ങിയിരിക്കണം. സേവനങ്ങൾ റദ്ദാക്കുന്നത് സൈൻ അപ്പ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന പരാതികൾ പരിഗണിച്ച്, അത് ലളിതമാക്കാനും നിർദേശമുണ്ട്. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലളിതവും സുതാര്യവും വിശ്വാസയോഗ്യവുമാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ഉദ്ദേശം. ‘ലോക്കൽ സർക്കിൾസ്’ നടത്തിയ വിപുലമായ സർവേയിൽ ഡിജിറ്റൽ ബാങ്കിംഗിൽ ഇത്തരം തെറ്റായ രീതികൾ വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർബിഐ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
