തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുമുതൽ നശിപ്പിക്കുന്നതിനും വികൃതമാക്കുന്നതിനുമെതിരെ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ. മാതൃകാപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ രംഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഇലക്ഷൻ വകുപ്പ് സർക്കുലർ ഇറക്കിയത്.
പ്രധാന നിയന്ത്രണങ്ങൾ:
* പൊതുസ്ഥലങ്ങളിലെ നിരോധനം: സർക്കാർ കെട്ടിടങ്ങൾ, ആശുപത്രികൾ, പാലങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, ഇലക്ട്രിക്-ടെലിഫോൺ പോസ്റ്റുകൾ തുടങ്ങിയ ഇടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നതും ചുവരെഴുതുന്നതും പൂർണ്ണമായും നിരോധിച്ചു.
* റോഡുകൾ വികൃതമാക്കരുത്: പൊതുറോഡുകളിൽ ചിഹ്നങ്ങൾ വരയ്ക്കുന്നതും അടയാളങ്ങൾ ഉണ്ടാക്കുന്നതും ഗതാഗത തടസ്സമായി കണക്കാക്കും. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണ്ട് നടപടിയെടുക്കും.
* പ്രചാരണ സാമഗ്രികൾ: സർക്കാർ മന്ദിരങ്ങളിലോ പരിസരത്തോ കട്ടൗട്ടുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കാൻ അനുമതിയില്ല.
നിയമം ലംഘിച്ചാൽ പോക്കറ്റ് ചോരും:
പ്രാദേശിക നിയമങ്ങളോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളോ ലംഘിച്ച് സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ വരണാധികാരിയോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോ നോട്ടീസ് നൽകും. നിശ്ചിത സമയത്തിനകം ഇവ നീക്കം ചെയ്തില്ലെങ്കിൽ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് ഇവ മാറ്റും. ഇതിനായി വരുന്ന മുഴുവൻ ചെലവും അതത് രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേർക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും നഗരങ്ങളുടെ ശുചിത്വത്തിനും തടസ്സമാകുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ വരണാധികാരികൾക്കും ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
