കൊച്ചി: 52 ലിറ്റർ വിദേശ മദ്യവുമായി ആക്ഷൻ ഹീറോ ബിജു സിനിമ താരം അല്‍ക്കു എന്ന ഷഫീഖ് എക്സൈസ് പിടിയില്‍. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെകടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് അല്‍ക്കു ഷഫീഖിനെ പിടികൂടുന്നത്.
52 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് ഷെഫീക്കിൻ്റെ പക്കല്‍ നിന്നും പിടികൂടിയത്. ഇതില്‍ 15 ലിറ്റർ വിദേശമദ്യവും ബാക്കി 58 ബോട്ടില്‍ ബിയറുമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. മദ്യം കടത്തിയ കാറും എക്സൈസ് പിടിച്ചെടുത്തു.
കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവർക്ക് അല്‍ക്കു തൻ്റെ വാഹനത്തില്‍ എത്തിച്ച് നല്‍കുമായിരുന്നു. ഇത്തരത്തില്‍ മദ്യമെത്തിച്ച് നല്‍കിയതിനെ തുടർന്നാണ് ഷെഫീക്കിനെ എല്ലാവരും അല്‍ക്കു എന്ന് വിളിക്കുന്നത്. മലപ്പുറം തിരുരങ്ങാടി സ്വദേശിയാണ് ഷഫീക്ക്.
ആക്ഷൻ ഹീറോ ബിജു സിനിമയില്‍ ഒരു കോടതി രംഗത്തിലൂടെയാണ് അല്‍ക്കു ശ്രദ്ധേയനാകുന്നത്. സിനിമയിലെ അല്‍ക്കുവിൻ്റെ ചിത്രം ട്രോള്‍ പേജുകളിലും വൈറലായിരുന്നു.
അനുശ്രീ പ്രധാന വേഷത്തിലെത്തിയ ഓട്ടർഷ എന്ന സിനിമയിലും അല്‍ക്കു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയില്‍ ഏറെയും ജൂനിയർ അർട്ടിസ്റ്റ് വേഷങ്ങളാണ് ഷെഫീക്ക് ചെയ്തിട്ടുള്ളത്.
