വടകര: പുറമേരി അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡിൽ ഉഗ്രസ്ഫോടനം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുട്ടികളുമായി പോവുകയായിരുന്ന ബസ് സ്ഫോടക വസ്തുവിന് മുകളിലൂടെ കയറിയ ഉടനെയാണ് പൊട്ടിത്തെറിയുണ്ടായത്.
ബസിന്റെ ടയർ കയറിയ ഉടൻ വലിയ ശബ്ദത്തോടെ സ്ഫോടനം നടക്കുകയായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തനായ ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തി പരിശോധിച്ചെങ്കിലും റോഡിൽ പുക പടർന്ന നിലയിലായിരുന്നു. തുടർന്ന് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച ശേഷം ഡ്രൈവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അന്വേഷണം ആരംഭിച്ച് പോലീസ്
നാദാപുരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് പടക്കമാണോ അതോ ബോംബ് പോലെയുള്ള മറ്റ് സ്ഫോടക വസ്തുക്കളാണോ എന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ജനവാസ മേഖലയിൽ ഇത്തരത്തിൽ സ്ഫോടക വസ്തു പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
