ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്സഭാ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചതായി സൂചന. സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന് കണ്ടതോടെ നിരവധി എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എംപിമാർ കൂട്ടത്തോടെ നിയമസഭയിലേക്ക് വരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. എംപിമാർ സ്ഥാനം വിട്ടൊഴിയുന്നത് എതിരാളികൾക്ക് പ്രചാരണ ആയുധമാകുമെന്നും, ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നുമാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.
ഒന്നോ രണ്ടോ പേർക്ക് ഇളവ് നൽകിയാൽ അത് വലിയ തർക്കങ്ങൾക്ക് വഴിതെളിക്കുമെന്നും എഐസിസി ഭയക്കുന്നുണ്ട്. എംപിമാർ നിയമസഭയിൽ വിജയിച്ചാൽ രാജ്യം മറ്റൊരു 'മിനി ലോക്സഭാ തെരഞ്ഞെടുപ്പിന്' സാക്ഷ്യം വഹിക്കേണ്ടി വരുമെന്നതും പകരം സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള വെല്ലുവിളിയും കണക്കിലെടുത്താണ് എംപിമാർ നിലവിലെ പദവിയിൽ തുടരട്ടെ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് നീങ്ങുന്നത്.
