Zygo-Ad

മകരവിളക്ക് മഹോത്സവം: സുരക്ഷ ശക്തമാക്കി ശബരിമല; എരുമേലി ചന്ദനക്കുടം ഇന്ന്, പേട്ടതുള്ളൽ നാളെ

 


പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഊർജിതമാക്കി. ജനുവരി 14-ന് നടക്കുന്ന മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം 15 വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ കേന്ദ്രങ്ങളിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

മകരസംക്രമ പൂജയും തിരുവാഭരണ ദർശനവും

ജനുവരി 14-ന് പകൽ 2.45-ന് നട തുറന്ന് മൂന്ന് മണിയോടെ മകരസംക്രമ പൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. വൈകുന്നേരം 6.40-ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ 12, 13 തീയതികളിൽ നടക്കും.

പ്രധാന വ്യൂ പോയിന്റുകൾ

സന്നിധാനത്തെ പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപം, കൊപ്രാക്കളം തുടങ്ങി 15 ഇടങ്ങളിലാണ് മകരജ്യോതി ദർശിക്കാൻ സൗകര്യമുള്ളത്. ഏറ്റവും കൂടുതൽ പേർ തങ്ങുന്ന പാണ്ടിത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ ഹിൽടോപ്പിലും, ശബരിമലയ്ക്ക് പുറത്ത് പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ ഇടങ്ങളിലും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

എരുമേലിയിൽ ഉത്സവലഹരി

മകരവിളക്കിന് മുന്നോടിയായുള്ള പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന് (ശനിയാഴ്ച) നടക്കും. വൈകുന്നേരം 6-ന് മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് മന്ത്രി വി. അബ്ദുറഹിമാൻ ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

ഞായറാഴ്ച പകൽ 12-ഓടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ നിന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും. അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് എരുമേലിയിൽ അനുഭവപ്പെടുന്നത്.



വളരെ പുതിയ വളരെ പഴയ