കൊച്ചി: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ പുസ്‌തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്.
ഫെബ്രുവരി നാലിന് നടക്കുന്ന പുസ്‌തക പ്രകാശനച്ചടങ്ങിന് സംരക്ഷണം തേടി കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചിരുന്നു.
ഹർജിയില്‍ എതിർകക്ഷികളായ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പയ്യന്നൂർ എംഎല്‍എ മധുസൂദനൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവർക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തി സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിക്കുകയും ചെയ്തു.
നിരന്തരം ഭീഷണി സന്ദേശങ്ങള്‍ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം, പുസ്‌തക പ്രകാശനച്ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നാണ് പുസ്‌തകത്തിന്റെ പേര്. 16 അദ്ധ്യായങ്ങളും 96 പേജുമുള്ള പുസ്‌തകത്തില്‍ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്നാണ് പുസ്‌തകത്തില്‍ പറയുന്നത്.
തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്‌ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എംഎല്‍എ ടി ഐ മധുസൂദനന്റേതെന്നും പുസ്‌തകത്തിലുണ്ട്.
