കൊച്ചി: സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നായ വാട്‌സാപ്പ് ഉപയോഗം സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാൽ, അത്തരം ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്താൽ ക്രിമിനൽ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി.
വ്യക്തികൾ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശ-ങ്ങളെ എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ അടിസ്ഥാനത്തിൽ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന മെസേജുകൾ അതിലെ ഒന്നിലധികം അംഗങ്ങൾക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാൽ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല.
അതിനാൽ, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ അശ്ലീലമാണെങ്കിൽ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ കണക്കാക്കാം എന്നും ജസ്റ്റിസ് ശ്യാം കുമാർ വി എം ഒരു വിധിന്യായത്തിൽ വ്യക്തമാക്കി.
വ്യക്തിഗത അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ കൈമാറുമ്പോൾ വാട്‌സ്‌ആപ്പ് ഒരു പൊതു സ്ഥലമല്ലെങ്കിൽക്കൂടിയും, വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അത് അതിലെ അംഗങ്ങൾക്കെല്ലാം കാണാനാകും എന്നതിനാൽ അതിനെ വ്യക്തിഗതമായി കാണാനാവില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലെന്നോ ക്ലോസ്‌ഡ് ഗ്രൂപ്പാണെന്നോ ഉള്ള എന്നുള്ള വാദം ഇത്തരം കേസുകളിൽ നിലനിൽക്കില്ലെന്നും ഹൈക്കോടതി വിധിയിലുണ്ട്.
2019ൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ഒരു കേസ് പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധിന്യായം.
2019ൽ ഒരു കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുൻ ജീവനക്കാരിയുടെ പേരെടുത്ത് പറഞ്ഞ് അശ്ലീല സന്ദേശം ഒരാൾ പോസ്റ്റ് ചെയ്തു എന്ന ആരോപണമായിരുന്നു കേസിന് ആസ്‌പദമായ സംഭവം.
വനിതയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും നടപടി ക്രമങ്ങളും റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതി ഭാഗം ഹൈക്കോടതിയെ സമീപിച്ചത്.
