ജമ്മു കാശ്മീർ: ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 സൈനികർക്ക് വീരമൃത്യു.
17 സൈനികരെ വഹിച്ചു കൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആർമി വാഹനമാണ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്.
ദോഡയിലെ ഭാദേർവ-ചമ്പ അന്തർ സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം ഉണ്ടായത്.
ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോകുകയായിരുന്ന സൈനികരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 10 സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റവർ ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.

