തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റുകള്‍ക്ക് വിപണിയിൽ വൻ സ്വീകാര്യത. കഴിഞ്ഞ വർഷത്തെ റെക്കോർഡുകൾ ഭേദിച്ച് ടിക്കറ്റ് വില്‍പ്പന ഇതിനകം 50 ലക്ഷം പിന്നിട്ടു. ഇന്നലെ ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 51,66,810 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ആകെ വിറ്റത് 47,65,650 ടിക്കറ്റുകളായിരുന്നു.
ആവശ്യക്കാർ ഏറിയതോടെ അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി വിപണിയിലെത്തിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത് (12,20,520). തൃശ്ശൂർ (5,44,340), തിരുവനന്തപുരം (5,15,090) എന്നീ ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇത്തവണ എറണാകുളത്തെ പിന്നിലാക്കി കൊല്ലം നാലാം സ്ഥാനത്തെത്തി. 3,11,780 ടിക്കറ്റുകൾ വിറ്റ കണ്ണൂർ അഞ്ചാം സ്ഥാനത്താണ്.
സമ്മാനവിവരങ്ങൾ:
* ഒന്നാം സമ്മാനം: 20 കോടി രൂപ
* രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
* മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
* കൂടാതെ 3 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ നിരവധി സമ്മാനങ്ങളും സമാശ്വാസ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്.
ജനുവരി 24-ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്ന ആ മെഗാ നറുക്കെടുപ്പ് നടക്കുക.
