Zygo-Ad

സുഹാനെ കാണാതായിട്ട് ഒരു രാത്രി പിന്നിട്ടു. 6 വയസുകാരനായി ഇന്നും തെരച്ചില്‍ തുടരും:സുഹാനെ അവസാനമായി കണ്ടത് രണ്ട് സ്ത്രീകള്‍: വിദേശത്തുളള പിതാവ് ഇന്ന് നാട്ടിലെത്തും

 


പാലക്കാട്: ചിറ്റൂരില്‍ നിന്നും ആറു വയസ്സുകാരന്‍ സുഹാന് വേണ്ടിയുള്ള തെരച്ചില്‍ രണ്ടാം ദിനത്തിലേക്ക്.

ഇന്നലെ പകല്‍ 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ അമ്ബാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍.

ഇന്നലെ രാത്രി വൈകിയും സമീപ പ്രദേശങ്ങളില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.

ഇതിന് പുറമെ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വീടിന് സമീപത്തെ മൂന്നൂറ് മീറ്റര്‍ പരിധിയിലാണ് ഇന്നലെ രാത്രി വലിയ രീതിയില്‍ പരിശോധന നടത്തിയിരുന്നു.

സമീപത്തെ കിണറുകള്‍, കുളങ്ങള്‍, വയലുകള്‍ തുടങ്ങിയവയിലും ഇന്നലെ പരിശോധന നടത്തുകയും ചെയ്തിരുന്നു.

രാത്രി വൈകി അവസാനിപ്പിച്ച തെരച്ചില്‍ രാവിലെ തന്നെ പുനഃരാരംഭിക്കാനാണ് തീരുമാനം. മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടെ എത്തിച്ച്‌ തെരച്ചില്‍ വ്യാപിപ്പിക്കാനാണ് നീക്കം.

സംസാരിക്കാന്‍ ഉള്‍പ്പെടെ അല്‍പം ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയാണ് സുഹാന്‍ എന്നാണ് വിവരം. സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീടു വിട്ടിറങ്ങിയത്.

വീടിന് പുറത്തു നില്‍ക്കുകയായിരുന്ന സുഹാനെ അല്‍പ്പ സമയത്തിനു ശേഷം കാണാതാവുകയായിരുന്നു. വിദേശത്താണ് കുട്ടിയുടെ പിതാവ്, ഇദ്ദേഹം ഇന്ന് നാട്ടിലെത്തുമെന്നാണ് വിവരം.

സുഹാനെ അവസാനമായി കണ്ടത് രണ്ട് സ്ത്രീകളെന്ന് നിഗമനം. സുഹാൻ്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റർ ദുരത്ത് വെച്ച്‌ കുട്ടിയെ കണ്ടെന്ന് രണ്ട് സ്ത്രീകള്‍ മൊഴി നല്‍കി.കുട്ടി കരഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നല്‍കിയത്.

ചിറ്റൂരിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. 

കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്ക്വാഡ് കാണിച്ച കുളത്തില്‍ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രദേശത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളി ആകുന്നുണ്ട്. കുട്ടി പ്രദേശത്ത് തന്നെ മറ്റെവിടെയെങ്കിലും മയങ്ങിക്കിടക്കുകയോ വഴിയറിയാതെ അകപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ടോ എന്നതു അടക്കമുള്ള കാര്യങ്ങളും ഊർജിതമായി പരിശോധിക്കും.

സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത് സുഹാൻറെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാൻറെ അമ്മ നീലഗിരി പബ്ലിക് സ്കൂള്‍ അധ്യാപികയാണ്. സമീപത്തെ രണ്ട് വീടുകള്‍ അല്ലാതെ സുഹാന് മറ്റ് വീടുകള്‍ പരിചയം ഇല്ല. പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

വളരെ പുതിയ വളരെ പഴയ