Zygo-Ad

സഞ്ചാർ സാഥി ആപ്പ്: കേന്ദ്രസർക്കാർ 'യു ടേൺ'; പ്രീ-ഇൻസ്റ്റാൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിച്ചു


ദില്ലി:പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്ലിക്കേഷൻ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പിൻവലിച്ചു. മൊബൈൽ കമ്പനികളിൽ നിന്നും സാങ്കേതിക വിദഗ്ധരിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നതിനെത്തുടർന്നാണ് കേന്ദ്രം നിലപാട് മാറ്റിയത്.

ആപ്പിളിനെപ്പോലുള്ള പ്രമുഖ കമ്പനികൾ നിർദ്ദേശത്തോട് സഹകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. ആഗോളതലത്തിൽ കമ്പനി ഇത്തരം നിർബന്ധങ്ങൾ അംഗീകരിക്കാറില്ലെന്നും, ഇത് ഐ.ഒ.എസ് (iOS) ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജനങ്ങളിൽ നിന്ന് ആപ്പിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും, അതിനാൽ നിർബന്ധമാക്കേണ്ട ആവശ്യമില്ലെന്നുമാണ് ഉത്തരവ് പിൻവലിക്കാൻ കേന്ദ്രം ഔദ്യോഗികമായി നൽകുന്ന വിശദീകരണം.

നിലപാട് മയപ്പെടുത്തി കേന്ദ്രം

വിവാദങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രസർക്കാർ നേരത്തെ തന്നെ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കേന്ദ്ര ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്നും, രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.

വിവരശേഖരണം സമ്മതിച്ച് കേന്ദ്രം

അതേസമയം, 'സഞ്ചാർ സാഥി' ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ഉപയോഗിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ ലളിതമാക്കുകയാണ് ആപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔗 പെർമാലിങ്ക് (Permalink)


വളരെ പുതിയ വളരെ പഴയ