ആലപ്പുഴ: കാർത്തികപ്പള്ളിയില്‍ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി.
ലഹരി വസ്തുക്കള്‍ കണ്ടെത്താനുളള സ്ഥിരം പരിശോധനയ്‌ക്കിടെ അദ്ധ്യാപകരാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. പിസ്റ്റളില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് ബാഗിലുണ്ടായിരുന്നത്.
വെടിയുണ്ടകള്‍ എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കിട്ടിയതാണെന്നാണ് ആദ്യം വിദ്യാർത്ഥി അദ്ധ്യാപികയോട് പറഞ്ഞത്.
വീണ്ടും ചോദിച്ചപ്പോള്‍ സുഹൃത്ത് തന്നതാണെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്നാല്‍ കുട്ടുകാരന്റെ പേര് പറയാൻ വിദ്യാർത്ഥി തയ്യാറായില്ല. ഇതോടെ അദ്ധ്യാപകർ പൊലീസില്‍ വിവരം അറിയിച്ചു.
കരിയിലക്കുളങ്ങര പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. വെടിയുണ്ടകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലെ ബാലസ്റ്റിക് വിഭാഗത്തിലേക്ക് പരിശോധനയ്‌ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാല്‍ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
