Zygo-Ad

മേയര്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ബസുകള്‍ തിരിച്ചുനല്‍കും; പകരം 150 പുതിയ ബസുകള്‍ ഇറക്കും – ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

 


തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ലഭിച്ച ബസുകള്‍ മറ്റു ജില്ലകളിലേക്ക് മാറ്റിയിട്ടില്ലെന്നും അവയെല്ലാം തിരുവനന്തപുരത്ത് തന്നെയാണ് ഓടുന്നതെന്നും മന്ത്രി വ്യക്തമാക്കി. 113 ബസുകളില്‍ മൂന്നോ നാലോ ബസുകള്‍ മാത്രമാണ് നഗരപരിധിക്ക് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ എഴുതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ട 113 ബസുകളും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ ബസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പകരം ഈ ബസുകള്‍ നല്‍കിയാല്‍ സര്‍ക്കാര്‍ 150 പുതിയ ബസുകള്‍ കൂടി ഇറക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, പോത്തന്‍കോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ബസില്‍ കയറ്റരുതെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും അങ്ങനെ പറയുകയുമില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി ഓടിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ ബസുകളുടെ എണ്ണം 113 ആണെന്നും ഇതില്‍ 50 എണ്ണം കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രമാണ് ബസുകള്‍ വാങ്ങിയതെന്നോ, കേന്ദ്ര സര്‍ക്കാരിന്റെ മാത്രം പദ്ധതിയാണെന്നോ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം വിഹിതം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ 137 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 60 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാങ്ങിയതാണ് 11 വാഹനങ്ങള്‍. കെഎസ്ആര്‍ടിസി സ്വന്തമായി വാങ്ങിയ 50 ബസുകളില്‍ കോര്‍പ്പറേഷന് യാതൊരു അവകാശവുമില്ല. സ്മാര്‍ട്ട് സിറ്റി, തിരുവനന്തപുരം കോര്‍പ്പറേഷന്‍, സ്വിഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ തമ്മിലാണ് 113 ബസുകളുമായി ബന്ധപ്പെട്ട ത്രികക്ഷി കരാറുള്ളത്. കരാറിലെ ഒരു വ്യവസ്ഥ പ്രകാരം ബസ് സര്‍വീസുകളുമായി ബന്ധപ്പെട്ട ഉപദേശക സമിതിക്ക് മേയര്‍ അധ്യക്ഷനാകണമെന്ന് മാത്രം പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍, കണ്ടക്ടര്‍, ടിക്കറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും കെഎസ്ആര്‍ടിസിയുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ചുമതലയേറ്റപ്പോള്‍ ബസുകളുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്നും ഒരു ബസിന് ശരാശരി 2500 രൂപ മാത്രമായിരുന്നു വരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പ്ലാനിങ്ങും ഷെഡ്യൂളിങ്ങും നടപ്പാക്കിയതോടെ ഇപ്പോള്‍ ഒരു ബസിന് ശരാശരി 9000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി നഷ്ടത്തിലായത് ഈ ബസുകള്‍ കൊണ്ടാണെന്ന് പറയുന്നത് മണ്ടത്തരമാണെന്നും സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് ബസുകളുടെ മെയിന്റനന്‍സ് ചെലവ് വളരെ കൂടുതലാണെന്നും അഞ്ചാം വര്‍ഷം ബാറ്ററി മാറ്റാന്‍ 28 ലക്ഷം രൂപ വരെ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു. ഈ തുകയ്ക്ക് ഒരു ഡീസല്‍ മിനി ബസ് തന്നെ ലഭിക്കുമെന്നതും ഓര്‍ക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ പുതിയ വളരെ പഴയ