തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കുള്ള ഈ അധ്യയന വർഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഇത്തവണ വിദ്യാർഥികൾക്ക് 12 ദിവസത്തെ അവധിയാണ് ലഭിക്കുക. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധി ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ ക്രിസ്മസ് പരീക്ഷയുടെ തീയതികളിൽ മാറ്റം വരുത്തിയതിനാലാണ് അവധി ദിനങ്ങളുടെ എണ്ണം വർദ്ധിച്ചത്.
ഡിസംബർ 15-ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 23-നാണ് അവസാനിക്കുന്നത്. തുടർന്ന്, അർദ്ധവാർഷിക പരീക്ഷകൾക്ക് ശേഷം 23-ന് തന്നെ സ്കൂളുകൾ അടയ്ക്കും. അവധി കഴിഞ്ഞ് ജനുവരി 5-ന് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി.
